പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം; കുടുംബം ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. കേസിൽ കൂടുതൽ ഡോക്ടേഴ്സിനെ പ്രതി ചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിൽ പയ്യന്നൂർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ തല വിദഗ്ധ സമിതിയും ചികിത്സ പിഴവ് ആരോപണം പരിശോധിക്കുന്നുണ്ട്. ഇതിൽ തൃപ്തി ഉണ്ടെങ്കിലും അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു ആവശ്യപ്പെട്ടു. ഗവൺമെന്റ് പ്ലീഡറെയും ദേവാൻഷ് ശൌര്യയുടെ മാതാപിതാക്കൾ കണ്ടു.

കേസുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചു. ഡിഎംഒ അധ്യക്ഷനായ ജില്ലാ തല വികസന സമിതി ഉടൻ റിപ്പോർട്ട്‌ ഡിവൈഎസ്പിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും പോലീസ് തുടർ നടപടി. വീട്ടിൽ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടർ അനസ്‌ത്യേഷ്യ നൽകുകയായിരുന്നു. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്‌. ഒരു സെന്റി മീറ്ററിൽ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയായിരുന്നു.