മലയിടംതുരുത്തിൽ 7 വീടുകൾക്ക് തറക്കല്ലിട്ടു; കുടിയൊഴിപ്പിക്കൽ ഭീതിയൊഴിഞ്ഞ് പര്യത്ത്കാവ് ഉന്നതി

കൊച്ചി: അരനൂറ്റാണ്ടിലേറെക്കാലം കുടിയൊഴിപ്പിക്കലിന്റെ ഭീതിയിൽ കഴിഞ്ഞ കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ ഏഴ് ദലിത് കുടുംബങ്ങള്‍ക്ക് ഒരു വർഷത്തിനുള്ളില്‍‍ വീടാകും. ഏഴു കുടുംബങ്ങൾക്കും തങ്ങൾ തലമുറകളായി താമസിച്ചിരുന്ന ഭൂമിയിൽ ഇനിയും കഴിയാനുള്ള വീടുകളുടെ കല്ലിടൽ ചടങ്ങ് ഇന്നു നടന്നു. നാളെ കർക്കിടക മാസം ഒന്ന് ആയതിനാൽ അതിനു മുൻപായി വീടുകളുടെ നിർമാണം തുടങ്ങിവയ്ക്കണമെന്ന കുടുംബങ്ങളുടെ ആഗ്രഹപ്രകാരമായിരുന്നു ഇന്നു രാവിലെ 11 മുതൽ തറക്കല്ലിടീൽ നടന്നത്. അടുത്തടുത്തായി നിർമിക്കുന്ന ഓരോ വീടുകള്‍ക്കുമുള്ള തറക്കല്ലിടിൽ, മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഉന്നതവിദ്യഭ്യാസ മന്ത്രി റോജി എം.ജോൺ നിർവഹിച്ചു.

തർക്കത്തിലായിരുന്ന 2.65 ഏക്കർ ഭൂമിയുടെ പിൻഭാഗത്തായി വേർതിരിച്ച 40 സെന്റ് ഭൂമിയിലാണ് ഈ ഏഴ് വീടുകളും ഉയരുക. കോടതിയിൽ നിന്ന് ഭൂമിയുടെ ഉടമമസ്ഥാവകാശം ലഭിച്ച കണ്ണോത്ത് ശങ്കരൻ നായരുടെ അവകാശികൾ ഓരോ കുടുംബത്തിനും 5 സെന്റ് ഭൂമി വീതം വിട്ടു നൽകുകയായിരുന്നു. പുക്കാട്ടുപടി – പെരുമ്പാവൂർ റോഡിൽ നിന്ന് വീടുകൾ നിർമിക്കുന്ന സ്ഥലത്തേക്ക് മൂന്ന് മീറ്റർ വീതിയില്‍ എൽ ആകൃതിയിലുള്ള റോഡിനുള്ള സ്ഥലവും ഇവർ വിട്ടുനൽകി. ദലിത് കുടുംബങ്ങളുടെ ആരാധനയ്ക്കായി ഇവിടെയുണ്ടായിരുന്ന ചെറിയ ക്ഷേത്രവും പുതിയ സ്ഥലത്തേക്ക് മാറ്റും. ബാത് അറ്റാച്ച്ഡ് ആയിട്ടുള്ള മൂന്നു കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, ലിവിങ് റൂം, സിറ്റൗട്ട്, അടുക്കള എന്നിവയുൾപ്പെടുന്ന 1000 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില വീടുകളാണ് സർക്കാർ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പോടെ നിർമ്മിക്കുന്നത്. ഇവർ താമസിച്ചിരുന്ന ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ തന്നെയാണ് ജനലുകൾക്കും വാതിലുകൾക്കുമായി ഉപയോഗിക്കുക.

ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി സ്ഥലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരപ്പാക്കിയെടുത്തു. വേര്‍തിരിച്ചെടുത്തു ഭൂമിയിൽ നിരനിരയായാണ് പുതിയ വീടുകൾ നിർമിക്കുന്നത്. പുതിയ വീടുകൾ ഒരുങ്ങുന്നതുവരെ കുടുംബങ്ങൾക്ക് നിലവിലെ വീടുകളിൽത്തന്നെ താമസിക്കാം. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കോടതിയിലൂടെ നേടിയ അന്തരിച്ച കണ്ണോത്ത് ശങ്കരൻ നായരുടെ മക്കളായ അംബിക, സുഭദ്ര എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കാളു കുറുമ്പന്റെ പരമ്പരയിൽപ്പെട്ട അയ്യപ്പൻ, ചന്ദ്രൻ, ബീന, ബാബു, മമത, സുനിൽ, മിനി എന്നിവരുടെ കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് പ്രവേശിക്കുന്നത്.