ദിലീപിന്റെ വിഐപി ദർശനം: ‘മറ്റ് ഭക്തരെ ബുദ്ധിമുട്ടിക്കരുത്, നിയന്ത്രിക്കേണ്ടത് ദേവസ്വം ബോർഡ്’ ; ഹൈക്കോടതി

കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടത്. കുട്ടികൾക്കും സ്ത്രീകൾക്കും ദർശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകാനും കോടതിയുടെ ഇടക്കാല ഉത്തരവ്. സോപാനത്തിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുത്. കുട്ടികൾ ,പ്രായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണം. ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഇന്ന് തന്നെ നൽകണമെന്ന് കോടതി നിർദേശിച്ചു. വിഷയം തിങ്കളാഴ്ച്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.

അതേസമയം, പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ഇത് സ്പെഷൽ സെക്യൂരിറ്റി സോൺ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദ‍ർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇതിനിടെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു. ദേവസ്വം വിജിലൻസ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോർട്ട് കൈമാറിയത്.