അടിമാലി മണ്ണിടിച്ചിൽ; ബിജുവിന് വിട നൽകി നാട്, മകളുടെ പഠന ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കും

ഇടുക്കി: അടിമാലിക്ക് സമീപം മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന് വിട നൽകി നാട്. മൃതദേഹം കുടുംബ വീട്ടില്‍ സംസ്കരിച്ചു. കുമ്പന്‍പാറയിലെ കുടുംബ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ബിജുവിൻ്റെ ഭാര്യ സന്ധ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സന്ധ്യയുടെ ഇടത് കാലിന് ഗുരുതര പരിക്കുണ്ട്. ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു.

കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഒരു വർഷം മുൻപാണ് സന്ധ്യയുടെയും ബിജുവിന്റെയും മകൻ ക്യാൻസർ ബാധിച്ച് മരിച്ചത്. അതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം കറകേറിയിട്ടില്ല. ഇതിനിടയിലാണ് ബിജുവിന്റെ മരണം.