ഹൃദയാഘാതം; തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു

തമിഴ് സംവിധായകൻ വിക്രം സുകുമാരൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മധുരയിൽനിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

മധുരയിൽ ഒരുനിർമാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരൻ. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല.

ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. 2013-ൽ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.