‘കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിൽ’, നടനെതിരെ ഡിവൈഎഫ്‌ഐ നേതാവ്

കൊച്ചി: മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂൾ കുട്ടികൾക്കാണ് നൽകേണ്ടതെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി. കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇപ്പോൾ സ്‌കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് കൊടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ആ ഹാങ്ങോവറിൽനിന്ന് പുറത്തേക്ക് വരാനും എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ എന്നും സരിൻ ശശി കുറിപ്പിൽ പറയുന്നു. തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നതെന്നും അത് മാറ്റം വരേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും കുഞ്ചാക്കോ ബോബൻ ചൂണ്ടിക്കാണിച്ചിരുന്നു.