സംസ്ഥാന ഗവൺമെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ല, വന്യമൃഗങ്ങളെ നേരിടാൻ കേന്ദ്രനിയമം തടസ്സം; ഇപി ജയരാജൻ

കണ്ണൂർ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ കേന്ദ്ര നിയമം തടസ്സമാകുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. മനുഷ്യജീവന് സംരക്ഷണം നൽകേണ്ടത് സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്നാണ് കേന്ദ്രനിയമം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളെ സംസ്ഥാന ഗവൺമെന്റിന് ഉദ്ദേശിക്കുന്നത് പോലെ കൈകാര്യം ചെയ്യാനാവില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവൺമെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്നും മന്ത്രി രാജിവച്ചതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും ജയരാജൻ പറഞ്ഞു. അതിന് എല്ലാവരും സഹകരിക്കണം. ഇത് പൊതു പ്രശ്‌നമാണ്. കടുവ, പന്നി, ഏത് മൃഗങ്ങളായാലും കൊല്ലാൻ സംസ്ഥാനത്തിന് അധികാരമില്ല. കൊന്നാൽ അവരുടെ പേരിൽ കേസ് എടുക്കും. ഇവിടെ ഇപ്പോഴും നിലനിൽക്കുന്നത് 80കളിൽ ഉണ്ടാക്കിയ നിയമമാണ്. അതാണ് നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ജയരാജൻ പറഞ്ഞു. ഒരാനയ്ക്ക് ഒരു ദിവസം നൂറ് ലിറ്റർ വരെ വെള്ളം വേണം. അത് കിട്ടാതെ വരുമ്പോഴാണ് ആന കാട് ഇറങ്ങുന്നതും ആളുകളെ ആക്രമിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ ആവശ്യമയാ നടപടികൾ സ്വീകരിക്കുക എന്നതാണ്. വനമേഖലയോട് ചേർന്ന് നിരവധി പഞ്ചായത്തുകളുണ്ട് കേരളത്തിൽ. ഇതിനെ പ്രതിരോധിക്കാൻ ഇന്നുള്ള നിയമവ്യവസ്ഥയിൽ സാധ്യമല്ലെന്നും ജയരാജൻ പറഞ്ഞു.