തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 29-ാം തീയതി രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാൻ ഹരികുമാർ വാട്സ് ആപ്പിൽ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനെത്തുടർന്ന് ശ്രീതു തിരികെപ്പോയി. ഈ വൈരാഗ്യത്തിലാണ് പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ മാസം 30-ന് പുലർച്ചെയാണ്, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ അമ്മാവനായ ഹരികുമാർ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയിൽ പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഹരികുമാറിനെ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലാക്കി.


അതിനിടെ, സാമ്പത്തിക തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീതുവിനെതിരെ വീണ്ടും പരാതി. ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന് രതീഷ് എന്നയാൾ പൊലീസിൽ പരാതി നൽകി. കളക്ടറേറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീതുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.























