അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദളിത് സംഘടനകൾ നടത്തിയ ഹർത്താൽ നേരിടുന്നതിൽ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത മുന്നിൽ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. തിരുവനന്തപുരം പള്ളിപ്പുറത്ത് ഹർത്താൽ അനുകൂലികൾ ദേശീയ പാത തടഞ്ഞതിൽ സ്പെഷ്യൽ ബ്രാഞ്ചിനും വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. നിതിൻ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ചേർന്ന് നടത്തിയ കേരള ഹർത്താൽ ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാൽ ഇത് മുൻകൂട്ടി കണ്ട് പൊലീസ് മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിലെ വിമർശനം.

ബസുകൾ തടയുന്നതും കടകൾ അടപ്പിക്കുന്നതും റോഡ് തടഞ്ഞുള്ള സമരങ്ങളും സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പടെ മുൻകൂട്ടി അറിഞ്ഞു റിപ്പോർട്ട് ചെയ്തില്ല. ഇത് കാരണം പലയിടത്തും പ്രതിഷേധക്കാരെ നേരിടാൻ സംഭവ സമയം മതിയായ പോലീസുകാർ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിത ഹർത്താൽ അല്ലായിരുന്നിട്ടു കൂടി പല ജില്ലകളിലും ക്രമസമാധാനം നടപ്പാക്കാനുള്ള മുന്നറിയിപ്പുകൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ ദേശീയ പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കുണ്ടായ തിരുവനന്തപുരം പള്ളിപ്പുറത്തു ഗുരുതര വീഴ്ചയുണ്ടായി. മെഡിക്കൽ കോളേജ്,RCC യിലേക്കുമുള്ള രോഗികൾ,VIT എൻട്രൻസ് പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾ എന്നിവർ വഴിയിൽ കുടുങ്ങി.ദേശീയ പാത തടയുമെന്ന സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് റിപ്പോർട്ട് ഉണ്ടായിരുന്നില്ല. ഇത് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയാണ്. DHRM അടക്കമുള്ള സംഘടനകളുടെ മുന്നൊരുക്കം റിപ്പോർട്ട് ചെയ്തില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.

























