കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകർ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക സസ്‌പെൻഡ് ചെയ്തു. ലഹരിയുമായി സിനിമാസെറ്റിൽനിന്ന് പിടികൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേർ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാൾ ഇവരുടെ സുഹൃത്താണ്. ഷാലിഫാണ് ഇടനിലക്കാരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്.


ആരാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേർ നൽകിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോൾ അധികൃതർ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകൻ പിടിയിലാകുന്നത്.























