നടൻ മോഹൻരാജ് അന്തരിച്ചു

തിരുവനന്തപുരം: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.

കാഞ്ഞിരംകുളം സ്വദേശിയായ മോഹൻരാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർ‌ന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻ‌ഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു.

കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ഹലോ, ഷാര്‍ജ ടു ഷാര്‍ജ, ലോലിപോപ്പ് തുടങ്ങി മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി റോഷാക്ക് ആണ് അവസാന ചിത്രം.