‘തെരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി രണ്ടു കോടി രൂപ വാങ്ങി, തിരികെ നൽകിയത് 20 ലക്ഷം മാത്രം ; എൻ എം രാജു

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് ഉടമയും കേരള കോൺഗ്രസ് എം നേതാവുമായി എൻ എം രാജു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടു മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ ആന്റോ ആന്റണി തന്റെ പക്കലിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും രാജു വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

ആന്റോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചതായും രാജു വ്യക്തമാക്കി. തന്ത്രി കണ്ഠരര് രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും എൻ എം രാജു വ്യക്തമാക്കി. ആന്റോ ആന്റണി 2019 തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് പല തവണ വന്നിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി രണ്ടു കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും എൻ എം രാജു വ്യക്തമാക്കി.

പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ മകൾ ഉൾപ്പെടെ എം പിയുടെ വീട്ടിൽചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചു. ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ (കൊളാറ്ററൽ) ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നൽകിയത്. അന്ന് തങ്ങൾ യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

2018-19 കാലയളവിൽ പണം നൽകുമ്പോൾ കേരള കോൺഗ്രസ് (എം) യുഡിഎഫിലായിരുന്നു. എന്നാൽ, പിന്നീട് മുന്നണിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.പണമിടപാടിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും എല്ലാ രേഖകളും കൃത്യമാണെന്നും എൻ എം രാജു പറഞ്ഞു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും ഇപ്പോൾ ഈ വിഷയം പരസ്യമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമയാണ് എൻ എം രാജു. തന്ത്രി കണ്ഠര് രാജീവരര് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അന്വേഷിക്കാനായി നെടുംപറമ്പിൽ ഫിനാൻസിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.