തൃശൂർ: ആദിവാസി വിഭാഗത്തിൽപ്പെട്ട വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റർ അറസ്റ്റിൽ. വാഴച്ചാൽ ഡിവിഷൻ പരിധിയിലെ ഷോളയാർ സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കോട്ടയം സ്വദേശി പി.പി. ജോൺസനെയാണ് (48) അറസ്റ്റ് ചെയ്തത്. മലക്കപ്പാറയിൽ ഈ മാസം ആറിനാണ് കേസിനസ്പദമായ സംഭവം. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വനിതാ വാച്ചറുടെ പരാതിയിൽ മലക്കപ്പാറ പൊലീസ് ആണ് കേസെടുത്തത്.

സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ മുക്കംപുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മലയാറ്റൂർ ഡിവിഷനിൽനിന്ന് സ്ഥലം മാറി ഷോളയാർ സ്റ്റേഷനിൽ എത്തിയ ആദ്യ ദിവസം ആയിരുന്നു സംഭവം. പരാതിയെ തുടർന്ന് ലീവെടുത്ത് പോയ ജോൺസൻ ചൊവ്വാഴ്ച വീണ്ടും ഡ്യൂട്ടിക്ക് എത്തിയപ്പോൾ മലക്കപ്പാറ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

























