കളിക്കുന്നതിനിടയിൽ നാലരവയസുകാരി ടാർ നിറച്ച വീപ്പയിൽ കുടുങ്ങി; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

കാസർകോട്: ഒളിച്ചുകളിക്കുന്നതിനിടയിൽ വീടിന് സമീപത്തെ ടാർ വീപ്പയിലേക്ക് ഇറങ്ങി കുടുങ്ങിയ നാലരവയസുകാരിയെ രക്ഷിച്ചു. മുട്ടിന് മുകളിൽ വരെ ടാറിൽ മുങ്ങി പുറത്തിറങ്ങാനാവാത്തവിധം കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചട്ടഞ്ചാൽ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകൾ ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. അതിനിടയിൽ വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാർ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വീപ്പയ്ക്ക് സമീപത്തെ കല്ലിൽ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയിൽ ഇറങ്ങിയ ഫാത്തിമ നെഞ്ചോളം ടാറിൽ മുങ്ങി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉടൻ വീട്ടിലെത്തി ഉമ്മയെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികളും പൊലീസും എത്തിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. വെയിലേറ്റ് ടാർ ഉരുകിയ നിലയിലായിരുന്നു. ഈ സമയത്താണ് ഫാത്തിമ വീപ്പയിൽ ഇറങ്ങിയത്. പിന്നീട് ടാർ തണുത്ത് കട്ടിയായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായി. കാസർകോട് ഫയർ സ്റ്റേഷനിലെ ലീഡിങ് ഫയർമാൻ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

30 ലിറ്റർ ഡീസൽ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവർത്തിച്ച ശേഷം ടാർ ദ്രാവക രൂപത്തിലാക്കിയാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്തശേഷം ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് ടാർ നീക്കിയത്. തുടർന്ന് ചെങ്കള ഇ കെ നായനാർ ആശുപത്രിയിലെത്തിച്ചു.