സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി ലോഡ്ജിൽ തങ്ങി മയക്കുമരുന്ന് ഉപയോഗം; കണ്ണൂരിൽ നാല് പേർ പിടിയിൽ

കണ്ണൂർ: തീർത്ഥാടനവിനോദ സഞ്ചാര കേന്ദ്രമായ പറശിനിക്കടവിന് സമീപത്തെ കോൾ മൊട്ടയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി നാലുപേർ പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37) ഇരിക്കൂർ സ്വദേശിനി റഫീന (24) കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരെ പിടികൂടിയത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഉപയോഗിക്കാനുള്ള സാധനങ്ങളും പിടികൂടി.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വിട്ടിൽ നിന്നും ഇറങ്ങിയ യുവതികൾ സുഹൃത്തുക്കൾക്കൊപ്പം പലസ്ഥലങ്ങളിൽ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. വീട്ടിൽ നിന്നും വിളിക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. പിടികൂടിയപ്പോൾ മാത്രമാണ് വീട്ടുകാർ ഇക്കാര്യം അറിയുന്നത്. ഇവർക്ക് ലഹരി മരുന്ന് നൽകിയവരെ കുറിച്ചും എക്സൈസ് അന്വേഷിച്ചുവരികയാണ്.