എറണാകുളം- ബംഗളൂരു വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം ചൊല്ലിച്ചു; വീഡിയോ പങ്കുവച്ച് ദക്ഷിണ റെയിൽവേ

കൊച്ചി: എറണാകുളം- കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷൽ ട്രെയിൻ യാത്രയ്ക്കിടെ ഗണഗീതവും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾ ഒരുമിച്ച് നിന്ന് ആർഎസ്എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ പങ്കുവെച്ചു. ദേശഭക്തി ഗാനം എന്ന പേരിലായിരുന്നു വിദ്യാർഥികളെ കൊണ്ട് ഗണഗീതം ചൊല്ലിച്ചത്.

‘ഉദ്ഘാടന സ്പെഷ്യൽ എറണാകുളം – കെഎസ്ആർ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൽ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂൾ വിദ്യാർഥികൾ കോച്ചുകളിൽ ദേശഭക്തി ഗാനങ്ങൾ നിറച്ചു’- വിഡിയോ പങ്കുവെച്ച് ദക്ഷിണ റെയിൽവേ കുറിച്ചു. അതിനിടെ, എറണാകുളം- കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50 നു പുറപ്പെട്ടു. വൈകീട്ട് 5.50നു ബംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്തു.