കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാലു പേർക്കെതിരെ നടപടി. ഡപ്യൂട്ടി പ്രസൺ ഓഫിസർ, രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ സഞ്ജയ്, അഖിൽ, നൈറ്റ് ഓഫിസർ റിജോ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും കണ്ണൂർ റേഞ്ച് ഡിഐജി വി. ജയകുമാർ സംഭവം അന്വേഷിക്കുമെന്നും ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.

ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത് അഞ്ച് മണിക്കൂർ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലിൽനിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. അർധരാത്രി 1.10-നാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് ലഭിക്കുന്ന വിവരം. ജയിൽക്കമ്പി മുറിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടിക്കടകടന്നാണ് ജയിലിന് പുറത്തെത്തിയത്. ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിച്ചില്ല എന്നും കരുതപ്പെടുന്നു.

























