ജയ്പുർ: രാജസ്ഥാനിലെ ഝലാവറിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ആറുകുട്ടികൾ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാൽ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം. മനോഹർ താന എന്ന സ്ഥലത്തെ പിപ്‌ലോദി സർക്കാർ സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നുവീണത്.

പരിക്കറ്റവരെ മനോഹർതാന ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ അധ്യാപകരെയും മറ്റ് ജോലിക്കാരെയും കൂടാതെ 60 കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം. ഒറ്റനിലക്കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന്, കെട്ടിടം മുഴുവനായും നിലംപൊത്തുകയായിരുന്നു. എട്ടാം ക്ലാസുവരെയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.


തകർന്നുവീഴാറായ സ്ഥിതിയിലായിരുന്ന സ്‌കൂൾ കെട്ടിടത്തെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നതായി സ്‌കൂൾ അധികൃതരും നാട്ടുകാരും പറഞ്ഞു. രക്ഷാപ്രവർത്തനം അവസാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയതോതിൽ മഴപെയ്തിരുന്നു. ഇതാവാം കെട്ടിടം പെട്ടെന്ന് തകർന്നുവീഴാൻ കാരണം എന്ന് അധികൃതർ പറയുന്നു.























