നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണ്. പ്രേക്ഷകർക്കും ഒരു സർപ്രൈസ് ആയാണ് തന്റെ വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചത്.

സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. 2016 ൽ ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ‘തമാശ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹലാൽ ലൗ സ്റ്റോറി’, ‘അപ്പൻ’ തുടങ്ങിയ സിനിമകളിലൂടെ തന്റെ സാന്നിധ്യമുറപ്പിച്ചു. കുമ്പളങ്ങി നൈറ്റ്സിൽ അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷക ശ്രദ്ധ നേടിയത്. കഴിഞ്ഞ ആറു വർഷങ്ങളായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഗീതഞ്ജനാണ് എബി. അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്‌റാഗ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ നൂറിൽപരം സിനിമകളിൽ സംഗീതവിഭാഗത്തിന്റെ ഭാഗമായി അറേഞ്ചറും പ്രോഗ്രാമറും ആയി പ്രവർത്തിച്ചു. ‘സെക്കൻഡ് ഇന്നിങ്ങ്‌സ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.

























