കായംകുളം: അങ്കണവാടി മെനുവിൽ ബിരിയാണി ഉൾപ്പെടുത്തിയ നടപടിയിൽ സന്തോഷമെന്ന് വിദ്യാർഥി ശങ്കു. കായംകുളം പ്രയാര്‍ കിണര്‍മുക്കിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കുവാണ് ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടത്. കുഞ്ഞിന്‍റെ അമ്മ പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതുകണ്ട വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ഭക്ഷണ മെനു പരിഷ്കരിക്കുകയായിരുന്നു.

ഇന്ന് പത്തനംതിട്ടയില്‍ നടന്ന സംസ്ഥാനത്തെ അങ്കണവാടികളിലേയ്ക്കുളള പ്രവേശന ഉത്സവ വേദിയിലാണ് ഭക്ഷണമെനു പരിഷ്കരിച്ചുളള പ്രഖ്യാപനം മന്ത്രി നടത്തിയത്. ‘‘വാർത്ത കണ്ടു. മന്ത്രി ആന്റി പറയുന്നത് കേട്ടു. കേട്ടപ്പോൾ സന്തോഷം തോന്നി. ബിർണാണി കഴിക്കണമെന്നാണ് ആഗ്രഹം. ഏറ്റവും ഇഷ്ടം ബിർണാണി. മുട്ടയില്ലാത്ത ബിർണാണി. ഇന്നത്തെ അങ്കണവാടിയുടെ സമയം കഴിഞ്ഞു. കൂട്ടുകാരോട് ബിർണാണിയുടെ കാര്യം നാളെ പറയാം. ഉപ്പുമാവ് എനിക്ക് ഇഷ്ടമല്ല. ബിർണാണിയല്ലാതെ ചോറും കഞ്ഞിയും ഇഷ്ടമാണ്. ഉപ്പുമാവ് മാറ്റി ബിർണാണി ആക്കിയല്ലോ. ഞാൻ പറഞ്ഞിട്ടാണ് മന്ത്രി ആന്റി ബിർണാണി ആക്കിയതെന്ന് കൂട്ടുകാരോട് പറയും. ബിർണാണി വിഡിയോ കണ്ട് കൂട്ടുകാർ ഫോൺ വിളിച്ചിരുന്നു. മന്ത്രി ആന്റി വിളിച്ചില്ല. മന്ത്രി ആന്റിയെ നേരിട്ട് കണ്ട് താങ്ക്‌യു പറയാം’’ – ശങ്കു പറഞ്ഞു. അതേസമയം പരിഷ്‌കരിച്ച അങ്കണവാടി മെനു പ്രകാരമുള്ള ബിരിയാണി കുഞ്ഞുങ്ങള്‍ക്ക് ഒരു മാസത്തിനകം കിട്ടിത്തുടങ്ങും.

























