കൊച്ചി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനു ശേഷം കുറ്റസമ്മതം നടത്തി യുവതി. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശിക്കെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി പരാതി നൽകിയത്. കോടതിയിലെത്തിയ പെൺകുട്ടി കേസ് പിൻവലിച്ചു.

പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചതായി അധ്യാപകൻ പറയുന്നു. പരാതിക്കാരി ഈയിടെയാണു അധ്യാപകൻറെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, പരാതി വ്യാജമായിരുന്നെന്നും അധ്യാപകൻ നിരപരാധിയാണെന്നും അറിയിച്ചു. ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും ഇവർ സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. കോടതിയിൽ ഹാജരായി പെൺകുട്ടി മൊഴി കൊടുത്തതോടെ അധ്യാപകനെ വിട്ടയച്ചു.

























