26 എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; ഹേമ കമ്മിറ്റി നടപടി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള നടപടി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 26 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. 10 കേസുകളിൽ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

എട്ടു കേസുകളിൽ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളിൽ പ്രതികളുടെ പേര് ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് സർക്കാർ നടപടി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ നിയമനിർമ്മാണത്തിന്റെ കരട് തയ്യാറാക്കിയതായും സർക്കാർ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സമ്പൂർണ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പലതും ക്രിമിനൽ കേസ് എടുക്കാവുന്നതാണെന്ന് ഡിവിഷൻ ബഞ്ച് കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു. തെളിവുകളും കൃത്യമായ പരാതികളും ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു