കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജിയിൽ ദീലീപിനെതിരെ ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിച്ചതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന, നടിയുടെ ഹർജിയിലെ അന്തിമ വാദത്തിലായിരുന്നു കോടതിയുടെ ചോദ്യം. നടിയുടെ ഹർജിയിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചിട്ടില്ല. സർക്കാരിനില്ലാത്ത എതിർപ്പ്, നടിയെ ആക്രമിച്ച കേസിലെ എട്ടാ പ്രതിയായ ദിലീപിന് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

അതിജീവിതയുടെ ഹർജിയിൽ ദിലീപിന്റെ താൽപ്പര്യം എന്താണ്?. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നതാണ് കേസ്. കോടതിയും അതിജീവിതയുമാണ് ഈ കേസിലെ കക്ഷികൾ. അന്വേഷണ റിപ്പോർട്ട് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാർഡിന്റെ അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുമെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.


മെമ്മറി കാർഡിലെ മാറ്റം വരുത്തിയത് നിങ്ങളാണെന്ന് ഹർജിക്കാരിയായ നടി പരാതിയിൽ പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ദിലീപിനോട് ചോദിച്ചു. പ്രത്യക്ഷമായി അങ്ങനെ പറഞ്ഞിട്ടില്ലെന്നും, എന്നാൽ പരോക്ഷമായി തന്റെ കക്ഷിയുടെ മേൽ പഴി ചാരുകയാണെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. അതിജീവിത നൽകിയ ഹർജിയിൽ എട്ടാം പ്രതിയായ ദിലീപ് എതിർകക്ഷിയല്ല. ഹർജിയിൽ ദിലീപ് പിന്നീട് കക്ഷി ചേരുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രധാന കേസിലെ വിചാരണയും മെമ്മറി കാർഡിലെ അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ ഉപഹർജിയിന്മേൽ വാദം പൂർത്തിയായതിനെത്തുടർന്ന് ഹൈക്കോടതി വിധി പറയാനായി മാറ്റി. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും, കോടതി മേൽനോട്ടത്തിൽ ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. തുടർന്ന് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. മൂന്നു തവണ അനധികൃതമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതായാണ് നടി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുൻ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.























