ശബരിമലയിൽ സമരവും പ്രതിഷേധവും പാടില്ല: വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ സമരം നടത്തുന്നതിനി വിലക്കേർപ്പെടുത്തി ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങൾ പോലുള്ളവ ആവർത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ശബരിമല തീർഥാനടനകേന്ദ്രമാണെന്നും സമരങ്ങൾ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡോളി സമരത്തിൽ ഹൈക്കോടതി ദേവസ്വം ബഞ്ച് വിശദീകരണം തേടിയിരുന്നു. ഡോളി സർവീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരായിരുന്നു തൊഴിലാളികൾ സമരം നടത്തിയത്. പതിനൊന്നുമണിക്കൂർ നീണ്ട സമരം എഡിഎമ്മുമായുള്ള ചർച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചു. ഈ മിന്നൽ പണിമുടക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ രൂക്ഷവിമർശനത്തിന് കാരണമായത്. ഡോളി ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് തീർഥാനടകാലത്തിന് മുൻപ് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിൽ സമരം ചെയ്യുകയല്ല വേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പലരും ദിവസങ്ങളോ, ആഴ്ചകളോ എടുത്താണ് ശബരമലയിൽ എത്തുന്നത്.

പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ അവിടെ വരുന്നുണ്ട്. ഇങ്ങനെ വരുന്നവർക്ക് ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. തീർഥാടകരെ കൊണ്ടുപോകില്ലെന്ന് പറയുന്നതും ഇറക്കിവിടുന്നതും അനുവദിക്കാൻ ആവില്ല. തീർഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളി കൃഷ്ണൻ എന്നിവരുടെ ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരങ്ങളോ, പ്രതിഷേധങ്ങളോ പാടില്ല, ഭാവിയിൽ ഇത്തരം സമരങ്ങൾ ആവർത്തിക്കാതിരിക്കാൻ ചീഫ് പൊലീസ് കോർഡിനേറ്ററും ദേവസ്വം ബോർഡും ശ്രദ്ധിക്കണം.