എമ്പുരാൻ്റെ പ്രദർശനം തടയണമെന്നാവശ്യം; ഉദ്ദേശ ശുദ്ധിയിൽ സംശയം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: എമ്പുരാൻ്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രംകണ്ടിരുന്നോയെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലേ ,പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു.

ബിജെപി തൃശൂര് ജില്ലാ കമ്മിറ്റി അംഗം വിജീഷായിരുന്നു സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹർജി നൽകിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ഹര് ജിയെ പാര് ട്ടിയായി തള്ളിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്നുമാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നത്. അതേസമയം റീ എഡിറ്റ് ചെയ്ത എമ്പുരാൻ പതിപ്പ് ഉടൻ തന്നെ തിയേറ്ററുകളിലെത്തും. 24 മാറ്റങ്ങളാണ് സിനിമയിലുണ്ടാകുക. പ്രധാന വില്ലൻ്റെ പേര് ബജ്റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിൻ്റെ കഥാപാത്രവും അച്ഛൻ്റെ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കം ചെയ്തു. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപ്പോയിരിക്കുന്നത്.