കൊച്ചി: സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നൽകാനുള്ള തീരുമാനം ചോദ്യം ചെയ്താണ് പെൺമക്കൾ കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 21 നാണ് ലോറൻസ് മരിക്കുന്നത്.

നേരത്തെ ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകിയതിനെതിരെ മകൾ ആശ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ ലോറൻസ് മകൻ സജീവനോട് പറഞ്ഞിരുന്നു. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് മകളുടെ ആവശ്യം തള്ളിയത്. ഹൈക്കോടതി നിർദേശ പ്രകാരം മെഡിക്കൽ കോളജ് നടത്തിയ ഹിയറിങ്ങിലാണ് മറ്റൊരു മകളായ സുജാത സഹോദരി ആശയുടെ നിലപാടിനെ അനുകൂലിച്ചത്. ഡിവിഷൻ ബെഞ്ചിൽ ആശ നൽകിയ അപ്പീലിനെയും സുജാത പിന്തുണച്ചു. പാർട്ടിയും മകനും ചേർന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയായിരുന്നു. പെൺമക്കളായ തങ്ങളോട് ഇക്കാര്യം ആലോചിട്ടില്ല. അതിനാൽ ലോറൻസിന്റെ സംസ്കാരം മതാചാര പ്രകാരം നടത്തണം. ലോറൻസിന്റെ ഭാര്യ മതവിശ്വാസിയാണ്. ലോറൻസും മതങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. അതിനാൽ ലോറൻസിന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കണമെന്നും പെൺമക്കൾ ആവശ്യപ്പെട്ടിരുന്നു. ലോറൻസിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മകളുമായി സംഘർഷം അരങ്ങേറിയിരുന്നു.

























