മലപ്പുറം: അരീക്കോട്ടെ സ്പെഷൽ ഓപ്പറേഷൻ പൊലീസ് ക്യാംപിൽ തണ്ടർബോൾട്ട് കമാൻഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ എ സി അജിത്തിനെതിരെ ക്യാംപിലെ കമാൻഡോകൾ. അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവർത്തകരായ കമാൻഡോകൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ആത്മഹത്യയ്ക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവർത്തകർ അന്വേഷണ സംഘത്തോട് പറഞ്ഞു. വിനീതിന്റെ സുഹൃത്ത് സുനീഷ് ക്യാംപിലെ ട്രെയിനിങ്ങിനിടെയാണ് മരിക്കുന്നത്. 2021ലാണ് സംഭവം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി.

സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എ സി അജിത്ത് അതിനു സമ്മതിച്ചില്ല. ഇതു ചോദ്യം ചെയ്തതാണ് വിനീതിനോട് അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിരോധത്തിന് കാരണമായതെന്നും സഹപ്രവർത്തകർ പറയുന്നു. സുനീഷിന്റെ മരണത്തിൽ വിനീത് എ സി അജിത്തിനെതിരെ ശബ്ദമുയർത്തി സംസാരിച്ചിരുന്നു. ഇതു വിരോധത്തിന് കാരണമായി എന്നാണ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വിനീതിന്റെ മരണം അന്വേഷിക്കുന്നത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ശാരീരികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് വിനീത് ആത്മഹത്യ ചെയ്തതെന്നാണ് എസ് പി ആർ വിശ്വനാഥ് പറഞ്ഞത്.

























