നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ആഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ തലയോലപ്പറമ്പ് പൊലീസ് ഷംനാദിന്റെ പരാതിയിൽ അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും ഇരുവരും വാദിച്ചു. സബ് കോടതി തീർപ്പാക്കുന്നതിന് മുമ്പ് തന്നെ അനാവശ്യമായാണ് പൊലീസ് അന്വേഷണമെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും കോടതിയിൽ ഉന്നയിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.

തലയോലപ്പറമ്പ് പൊലീസാണ് ഷംനാസ് എന്ന വ്യക്തിയുടെ പരാതിയെ തുടർന്ന് കേസ് അന്വേഷണവുമായി മുന്നോട്ടുപോയത്. എബ്രിഡ് ഷൈനിൻറെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ മഹാവീര്യർ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ഷംനാസ്. വഞ്ചനയിലൂടെ തന്റെ പക്കൽ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷംനാസിന്റെ പരാതി. നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.