ഹിജാബ് വിവാദം: രണ്ട് കുട്ടികൾ കൂടി സെന്റ് റീത്താസ് സ്‌കൂൾ വിടുന്നു, ടിസിക്ക് അപേക്ഷിച്ചു

കൊച്ചി: വിദ്യാർഥിയെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കി വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളിൽ നിന്നും രണ്ട് കുട്ടികൾ കൂടി പഠനം നിർത്തുന്നതായി റിപ്പോർട്ട്. രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് മാറ്റുകയാണെനന്ന് രക്ഷിതാക്കൾ അറിയിച്ചു. ഹിജാബ് വിഷയത്തിൽ സ്‌കൂൾ അധികൃതർ നടത്തിയ പ്രതികരണം വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ ടിസിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. കുട്ടികളുടെ മാതാവ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സ്‌കൂൾ മാറ്റം ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്.

ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്‌കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം വളരെയേറെ ഭയപ്പെടുത്തുന്നതാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന ഇതേ വസ്ത്രം ധരിക്കുന്ന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള കടുത്ത വിദ്വേഷമാണ് വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമിടയിൽ തങ്ങളുടെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. കുട്ടികളെ തുടർപഠനത്തിനായി ഔവർ ലേഡീസ് കോൺവെന്റ് സ്‌കൂളിൽ ചേർക്കുമെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണരുപം-

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാൻ. ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്കൂൾ പ്രിൻസിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ എന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ അവർ രണ്ട് പേരുടെയും ടി. സി വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നൽകാനാവൂ എന്നാണ് സ്കൂളിൽ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔവർ ലേഡീസ് കോൺവെന്റ് സ്കൂളിലാണ് ഞങ്ങൾ കുട്ടികളെ ചേർക്കുന്നത്. ആ സ്കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കൾ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.