‘മുഖ്യമന്ത്രിക്കായി വാങ്ങിയ സമൂസ കാണാനില്ല’, അന്വേഷണം പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ

ഷിംല: ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. സംഭവത്തിൽ സിഐഡി അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 21നാണ് സംഭവം . ഹിമാചൽപ്രദേശ് പൊലീസ് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്‌സ് സമൂസകൾ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ നിന്ന് ഓർഡർ ചെയ്തിരുന്നു. എന്നാൽ ഈ സമൂസകൾ മുഖ്യമന്ത്രിക്ക് നൽകാനായി നോക്കിയപ്പോൾ കാണാൻ സാധിച്ചില്ല. തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചത്.

മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ഇവ വിതരണം ചെയ്തത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇതിൽ ഗൂഢാലോചന ഉണ്ട് എന്നും സർക്കാർ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും സിഐഡി വിഭാഗം ആരോപിക്കുന്നു. കേസിൽ അന്വേഷണം ആരംഭിച്ചു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.