തിരുവനന്തപുരം: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണം നേരിടുന്നതായി എഴുത്തുകാരി ഹണി ഭാസ്‌കർ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഹണി ഭാസ്‌കർ പരാതി നൽകിയത്. ഇമെയിൽ വഴിയാണ് പരാതി അയച്ചത്. ഡിവൈഎഫ്‌ഐ നേതാക്കൾക്കും ഇടതുപക്ഷ സഹയാത്രികർക്കുമൊപ്പം നിൽക്കുന്ന ഹണി ഭാസ്‌കരന്റെ ചിത്രങ്ങൾ മോശം തലക്കെട്ടുകൾ നൽകി പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ.

രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് സാമൂഹിക മാധ്യമങ്ങളിൽ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞെന്നും എതിർ രാഷ്ട്രീയത്തിൽ ഉള്ളവർ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമായിരുന്നു ഹണി ഭാസ്‌കരൻറെ ആരോപണം. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാൽ, അയാളിൽ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി ഭാസ്‌കർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരുമുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണമുണ്ടായത്.

























