തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങലുമായി കുടുംബം രംഗത്ത്. മേഘ കഴിഞ്ഞ വർഷം ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാൻ പേട്ട പൊലീസ് തയാറായിട്ടില്ല. മേഘ മരിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസിൽനിന്നു ലഭിക്കുന്നത്.

ഒളിവിൽ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങൾ വഴി രാജ്യം വിടുന്നതു തടയാനാണു നടപടി. അന്വേഷണം തൃപ്തികരമാണെന്നാണ് മേഘയുടെ കുടുംബം പറയുന്നതെങ്കിലും സുകാന്തിനെതിരെ കേസ് എടുക്കാത്തതിൽ അതൃപ്തിയുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കും. ഇതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടി ആലോചിക്കുമെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. മേഘ ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗർഭഛിദ്രം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. മേഘയുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ പണം നൽകിയതിന്റെ വിവരം ലഭിച്ചതിനെ തുടർന്നാണു കുടുംബം വിവരം പൊലീസിൽ അറിയിച്ചത്. മേഘ ഗർഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോൾ മാത്രമാണ്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം മേഘ ആശുപത്രിയിലെത്തിയ വിവരം സ്ഥിരീകരിച്ചത്. മേഘയുടെ ബാഗിൽനിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിനു ലഭിച്ചിരുന്നു. സുകാന്ത് മേഘയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും മകളിൽ നിന്നു പണം തട്ടിയെടുത്തുവെന്നും പിതാവ് മധുസൂദനൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


മേഘയും സുകാന്തും തമ്മിലുള്ള അടുപ്പം അറിഞ്ഞ മാതാപിതാക്കൾ വിവാഹം നടത്താൻ തയാറാണെന്ന് അറിയിച്ചിരുന്നു. സുകാന്തിന്റെ കുടുംബവുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ ഓരോ കാരണം പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു മേഘയുടെ കുടുംബാംഗങ്ങൾ പറയുന്നു.
ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് പാളത്തിലൂടെ നടക്കുമ്പോൾ നാലു തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.
ഫോൺ രേഖകൾ പരിശോധിക്കുമ്പോൾ എട്ടു സെക്കൻഡ് വീതം മാത്രമാണ് ഈ വിളികൾ നീണ്ടിട്ടുള്ളത്. ഈ ഫോൺ വിളികൾ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. രാജസ്ഥാനിലെ ജോധ്പുരിൽ നടന്ന ട്രെയിനിങ്ങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളർന്നതിന് പിന്നാലെയുള്ള എട്ടുമാസക്കാലയളവിൽ പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. അപൂർവമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടിൽ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാൽ യാത്രാ ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേൽ കൂടുതൽ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു. ഫൊറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.























