ഗർഭഛിദ്രത്തിനായി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി; സുകാന്തിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന സഹപ്രവർത്തകൻ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. യുവതിയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുവതി ഗർഭഛിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകൾ പൊലീസിനു ലഭിച്ചിരുന്നു.

സുകാന്ത് ഗർഭഛിദ്രത്തിനായി യുവതിയെ ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉൾപ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

മൂന്നേകാൽ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഗർഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറുകയും ചെയ്തു. വിവാഹത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെൺകുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തർക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്. നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സുകാന്തിന്റെ മുൻകൂർ ജാമ്യത്തെ എതിർക്കാനായി പൊലീസ് കോടതിയിൽ അറിയിക്കും. ഉദ്യോഗസ്ഥയുടെ കുടുംബവും ഗർഭച്ഛിദ്രത്തിന്റെയടക്കമുള്ള തെളിവുകൾ ശേഖരിച്ച് കോടതിയിൽ നൽകും. ഉദ്യോഗസ്ഥയുടെ മരണത്തിൽ ഇന്നലെയാണ് സുകാന്തിനെ പ്രതിചേർത്തത്. ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവിൽ ഒളിവിലാണ്.

ഇതിനിടെ, കഴിഞ്ഞ ദിവസം സുകാന്ത് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും തടസ്സം നിന്നത് യുവതിയുടെ വീട്ടുകാരാണെന്നുമാണ് ഹർജിയിൽ പറഞ്ഞത്.