മുറിവ് പുഴുവരിച്ച നിലയില്‍, മയങ്ങി വീണതില്‍ ആശങ്ക; മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ഇനി കോടനാട് ചികിത്സയില്‍

തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പാണ്ടുപ്പാറ ചെക്ക്‌പോസ്റ്റ് വഴി കോടനാട്ടേക്ക് കൊണ്ടുപോയി. കുങ്കിയാനകളുടെ സഹായത്തോടെ രാവിലെ അഞ്ചുമണിയോടെ ആരംഭിച്ച ദൗത്യം വിജയകരമായി. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. കോടനാട് എത്തിച്ച ശേഷം ആനയുടെ ആരോഗ്യനില പരിശോധിക്കും. ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം രൂപീകരിക്കും.

ഇന്ന് രാവിലെ വെറ്റിലപ്പാറയ്ക്ക് സമീപമുള്ള എണ്ണപ്പന തോട്ടത്തിന് സമീപമാണ് ആനയെ കണ്ടത്. മറ്റൊരു ആനയ്‌ക്കൊപ്പമായിരുന്നു കൊമ്പന്‍. മറ്റൊരു ആന കൂടെ ഉള്ളത് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇതിനെ തുരത്തിയ ശേഷമാണ് കൊമ്പന് മയക്കുവെടിവെച്ചത്. മയക്കുവെടിയേറ്റതോടെ മയങ്ങിവീണ ആനയുടെ ജീവനില്‍ ആശങ്ക ഉയര്‍ന്നിരുന്നു.