മുറിവേറ്റ കൊമ്പനെ വീഴാതെ താങ്ങി ഗണപതി, ഹൃദയത്തെ തൊട്ട് ആനകളുടെ സ്‌നേഹബന്ധം

തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവെച്ച് പിടികൂടുന്ന ദൗത്യത്തിനിടെ ആനകള്‍ തമ്മിലുള്ള സ്‌നേഹബന്ധം ഹൃദയസ്പര്‍ശിയായി. മയക്കുവെടിയേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടുകൊമ്പന്‍ ചേര്‍ത്തുപിടിക്കുന്നത് ശ്രദ്ധേയമായി.

മയക്കുവെടിയേറ്റ ആനയെ ചേര്‍ത്തുപിടിച്ച് ഗണപതി എന്ന കൊമ്പന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഏവരേയും അമ്പരിപ്പിച്ചത്. ആന മയങ്ങി വീണിട്ടും ഗണപതി എന്ന കാട്ടുകൊമ്പന്‍ അവിടെ നിന്നും മാറാതെ നിന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ഇതിനെ തുരത്തി ഓടിച്ചാണ് ഡോക്ടര്‍മാരുടെ സംഘം പരിക്കേറ്റ ആനയ്ക്ക് അരികിലെത്തിയത്. എന്നാല്‍ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുനേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റിയതോടെ ദൗത്യം വിജയം കാണുകയായിരുന്നു. കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്.