തൃശൂർ : കേരളവർമ കോളജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷായെ മാനസിക പ്രശ്നത്തെ തുടർന്ന് മണവാളനെ തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തൃശൂർ ജില്ലാ ജയിലിലെ ജയിൽ അധികൃതർ ആണ് മുടി മുറിച്ച് മാറ്റിയതിന് പിന്നാലെയാണ് മാനസിക പ്രശ്നം കാണിച്ചു തുടങ്ങിയത്.

ഇന്നലെയായിരുന്നു ജയിൽ അധികൃതരുടെ നടപടി. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്ന് തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. തൃശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തത്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളജ് റോഡിൽ വച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചത്.


കേസിൽ റിമാൻഡിലായ പ്രതി വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ സുഹൃത്തുക്കളെക്കൊണ്ട് റീൽസ് ചിത്രീകരിപ്പിച്ചിരുന്നു. ശക്തമായി തിരിച്ചുവരുമെന്ന് റീൽസിൽ മണവാളൻ തന്റെ ആരാധകരോട് പറഞ്ഞിരുന്നു.























