ശ്രീനഗർ: രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി. മരിച്ച 26 പേരുടെ പൂർണ്ണ വിവരണങ്ങൾ ലഭ്യമായി. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ദില്ലിയിൽ എത്തിക്കും.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്മീർ സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബദു്ള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്നും അദ്ദേഹം സമൂമാധ്യമത്തിൽ കുറിച്ചു

























