ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. മനുഷ്യത്വത്തിന് നേർക്കുള്ള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിൻറെ ഹിംസയാണ് നടന്നതെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ രാജ്യം ഭയത്താൽ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല. ഞങ്ങൾ ഒരുമിച്ച് നിൽക്കും. കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നേൽക്കും. ആവശ്യമായത് ചെയ്യും എന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രാലയത്തിലും വിശ്വാസമുണ്ട്. നീതി ഉണ്ടായേ തീരൂവെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

“ഹൃദയം തകർന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹൽഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിൻറെ ഹിംസയല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകൾക്ക് നേർക്ക് മാത്രമുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിന് നേർക്കുള്ള ഒന്നാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാൻ അഗാധമായി അനുശോചിക്കുന്നു. ദു:ഖത്തിൻറെ ഈ വേളയിൽ നിങ്ങളോടൊപ്പം ഞങ്ങൾ നിൽക്കുന്നു. ഈ ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ക്രൂരത മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും. ഈ രാജ്യം ഭയത്താൽ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല. ഞങ്ങൾ ഒരുമിച്ച് നിൽക്കും. കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നേൽക്കും. ആവശ്യമായത് ചെയ്യും എന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രാലയത്തിലും വിശ്വാസമുണ്ട്. നീതി ഉണ്ടായേ തീരൂ. ജയ്ഹിന്ദ്”, ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.


ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് പെഹൽഗാമിൽ ആക്രമണം നടന്നത്. ഭീകരാക്രണത്തിൽ 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരുക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.























