‘കഥാപാത്രം പാതി മലയാളി’; പരംസുന്ദരി വിമർശനങ്ങളിൽ ജാൻവി കപൂർ

ബോളിവുഡ് ചിത്രം ‘പരംസുന്ദരി’യിലെ കഥാപാത്രത്തിനെതിരായ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി നടി ജാൻവി കപൂർ. ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണെന്ന് ജാൻവി പറഞ്ഞു. താൻ മലയാളം ചിത്രങ്ങളുടെ വലിയ ആരാധികയാണെന്നും ജാൻവി പറഞ്ഞു.

‘ഒടുവിൽ എനിക്ക് എന്റെ വേരുകളിലേക്ക് പോകാനുള്ള അവസരം ലഭിച്ചിരിക്കുന്നു. ഞാനോ എന്റെ അമ്മയോ മലയാളിയല്ല. എന്നാൽ, എന്റെ കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണ്. ആ ഭൂപ്രകൃതിയോടും സംസ്‌കാരത്തോടും എനിക്ക് വലിയ താത്പര്യമുണ്ടായിരുന്നു. ഞാൻ മലയാളം ചിത്രങ്ങളുടെ ആരാധികയാണ്. ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്’- എന്നായിരുന്നു ഇക്കണോമിക്‌സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ജാൻവി പറഞ്ഞത്.

ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പ്രൊമോഷൻ മെറ്റീരിയലുകൾ എല്ലാം വലിയ വിമർശനം നേരിട്ടിരുന്നു. ട്രെയ്‌ലറിലെ മലയാളം സംഭാഷണങ്ങൾക്കെതിരെയായിരുന്നു ആദ്യ വിമർശനം. പിന്നാലെ പുറത്തുവന്ന ഗാനത്തിലെ വരികളും ട്രോളിന് വിധേയമായി.