കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. വേങ്ങൂർ കൈപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 3.15-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ വേങ്ങൂർ പഞ്ചായത്തിൽമാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ 75 ദിവസത്തിലധികമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അഞ്ജന. അഞ്ജനയടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരിൽ നിന്നടക്കം ധനസമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം കണ്ടെത്തിയിരുന്നത്.


ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവരും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
ഭർത്താവ്: ശ്രീകാന്ത്. പിതാവ്: ചന്ദ്രൻ. മാതാവ്: ശോഭ ചന്ദ്രൻ. സഹോദരി: ശ്രീലക്ഷ്മി.























