കണ്ണൂർ ചെങ്ങളായിയിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ വീണ്ടും നിധി കണ്ടെത്തി

കണ്ണൂർ: തൊഴിലുറപ്പ് ജോലിക്കിടെ കണ്ണൂർ ചെങ്ങളായിയിൽ തൊഴിലാളികൾക്ക് കിട്ടിയത് സ്വർണ്ണ നിധി. റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മാണത്തിനിടെയാണ് ഏറെ പഴക്കം തോന്നിക്കുന്ന നിധി കുംഭം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് കോടതിയിലേക്ക് മാറ്റിയ നിധിയിൽ പുരാവസ്തു വകുപ്പ് അന്വേഷണം തുടങ്ങി.

മുക്കാൽ അടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് നിധികുംഭം പ്രത്യക്ഷപ്പെടുന്നത്. ആദ്യം ബോംബെന്ന് കരുതി. പിന്നെ ധൈര്യം സംഭരിച്ച് പൊട്ടിച്ച് നോക്കി. അകത്തെ കാഴ്ച കണ്ട് തൊഴിലാളികൾ ഞെട്ടി. നിരവധി വെള്ളിനാണയങ്ങളും സ്വർണ്ണ പതക്കങ്ങളും , സ്വർണ്ണ മുത്തുകളും ലോക്കറ്റുകളും . വീട്ടിൽ കൊണ്ടുപോയ തൊഴിലാളി സുലോചന കൂടോത്രം എന്ന് കരുതി പേടിച്ച് അകത്തു കയറ്റിയില്ല. പിന്നെയാണ് പൊലീസിൽ അറിയിക്കുന്നത്.

അതിനിടെ ഇന്ന് രാവിലെ വീണ്ടും സ്ഥലത്തുനിന്ന് അഞ്ചു വെള്ളി നാണയങ്ങളും രണ്ട് സ്വർണ്ണ മുത്തുകളും കണ്ടെത്തി. പതിനെട്ടാം നൂറ്റാണ്ടിലെ ആഭരണങ്ങളാണ് ഇതെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം. നൂറുവർഷമായി കൈവശമിരിക്കുന്ന സ്ഥലമാണെന്നാണ് ഉടമ പറയുന്നത്. നിധിയെക്കുറിച്ച് ഒന്നുമറിയില്ല.