കോട്ടയം: റെയിൽവേ പാളത്തിൽ കല്ലു വെച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ച 63കാരൻ പിടിയിൽ. കോട്ടയത്ത് 62-കാരനായ ഝാർഖണ്ഡ് സ്വദേശി ശിവകുമാർ സിങ് പിടിയിൽ. ഇയാളെ റെയിൽവേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. കോട്ടയം–ഏറ്റുമാനൂർ സെക്‌ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയിൽവേ സുരക്ഷാസേന രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു.

പരിശോധനയിൽ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളിൽ പാളത്തിൽ കല്ലെടുത്തുവച്ചതു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവകുമാർ സിങ്ങാണ് പാളത്തിൽ കല്ലുകൾ വെക്കുന്നതെന്ന് കണ്ടെത്തി. മകന്റെ മർദനം സഹിക്കാനാവാതെ ട്രെയിൻ കയറി കേരളത്തിൽ എത്തിപ്പെടുകയായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തിൽ കല്ലെടുത്തുവച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാർ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കി.

























