തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്‌ന. ഓട്ടിസത്തെ കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു തുറന്നുപറച്ചിലെന്ന് എംഐടിഎസില്‍ നടന്ന ‘ടെഡ് എക്‌സ് ടോക്സ്’ സിൽ ജ്യോത്സ്ന തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

‘ജീവിതത്തില്‍ ഓരോ പ്രായത്തിലും മറികടക്കേണ്ട കടമ്പകള്‍ എന്താണെന്ന് സമൂഹം നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ഇതിലേക്ക് വൈകിയെത്തുന്നവര്‍ മാറ്റിനിര്‍ത്തിപ്പെടുകയും ഇവര്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. സമപ്രായക്കാരുമായുള്ള താരതമ്യങ്ങളും മത്സരയോട്ടങ്ങളും നിറഞ്ഞ യാത്ര അവസാനം എത്തിപ്പെടുന്നത് ഉത്കണ്ഠയിലോ വിഷാദത്തിലോ ആയിരിക്കാം’, ‘Inner renaissance’ എന്ന വിഷയത്തിൽ സംസാരിക്കവേ ജ്യേത്സന മനസ്സുതുറന്നു.


ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചപ്പോള്‍ വൈകാരികമായാണ് താന്‍ ചിന്തിക്കുന്നതെന്നും അമിതമായി ചിന്തിക്കുന്നതിനാലാണ് ഇത്തരം തോന്നലുകൾ എന്ന പ്രതികരണമാണ് പ്രിയപ്പെട്ടവരിൽ നിന്ന് തനിക്ക് ലഭിച്ചത്. ഒഴുക്കിനൊപ്പം പോകാന്‍ താന്‍ ഏറെ നാള്‍ ശ്രമിച്ചു. എന്നാല്‍ ഇതിന്റെ അവസാനം തന്നെ ഉലച്ചുകളയുന്ന തരത്തിലുള്ള തകര്‍ച്ചയായിരുന്നെന്നും ജ്യോത്സ്ന പറയുന്നുണ്ട്. വളരെ തളര്‍ന്നുനിന്ന സമയം ഭര്‍ത്താവിനൊപ്പം യു.കെയിലേക്ക് താമസം മാറിയതിനെ പറ്റിയുള്ള അനുഭവവും ജ്യോത്സ്ന പങ്കുവെക്കുന്നു.
അവിടെ വച്ച് ഒരു കോഴ്‌സ് പഠിക്കാന്‍ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ മാനസികാരോഗ്യ വിദഗ്ധനെ കണുകയുമായിരുന്നെന്നും ജ്യോത്സ്ന പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. മൂന്നാം തവണ നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കുന്നത്.
‘വളരെ വൈകി രോഗനിര്‍ണയം നടന്ന ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടായാണ് മാനസികരോഗ്യ വിദഗ്ധൻ തന്നെ വിശേഷിപ്പിച്ചത്. ഇവര്‍ എന്താണ് പറയുന്നത്, കാഴ്ചയില്‍ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങള്‍ തോന്നിയേക്കാം. എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അത് അങ്ങനെയല്ല. ഒന്നുകിൽ നിങ്ങള്‍ക്ക് ഓട്ടിസം ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഇല്ലായിരിക്കും. ഓട്ടിസം, അല്ലെങ്കില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങള്‍ (ന്യൂറോ ഡൈവര്‍ജന്റ്‌സ്) എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്, അവർ പറഞ്ഞു.
ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നത്. എന്റെ ചുറ്റും നടക്കുന്ന എല്ലാറ്റിനോടും ഞാന്‍ വൈകാരികമായി പ്രതികരിക്കുന്നതെന്താണെന്നും ചുറ്റുമുള്ളവര്‍ എല്ലാറ്റിനെയും എളുപ്പത്തില്‍ എടുക്കാന്‍ പറയുമ്പോഴും എനിക്കതിന് കഴിയാതിരുന്നതിന്റെ കാരണവും മനസ്സിലായത് അപ്പോഴാണ്. വര്‍ഷങ്ങളായി തന്റെ യഥാര്‍ഥ സ്വഭാവത്തെ മറച്ചുവെച്ച് ജീവിക്കേണ്ടിവന്നതിന്റെ പരിണിതഫലമായാണ് ഒടുവില്‍ മാനസികമായി തകര്‍ന്നടിഞ്ഞത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍മിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്‌ക് ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങളായിരുന്നു എന്നെ തളര്‍ത്തിയത്, ജ്യോത്സ്‌ന പറഞ്ഞു.























