ന്യൂഡൽഹി: ചാരപ്പണി കേസിൽ അറസ്റ്റിലായ വനിതാ വ്‍ലോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പൊലീസ്. ഈ യാത്ര ഉൾപ്പെടെ നിരവധി തവണ ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ജ്യോതി ചൈനയിലേക്കു യാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജ്യോതിയെ പൊലീസിന് 5 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണു നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.

സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരെ പാക്ക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹരിയാന പൊലീസ് അധികൃതർ പറഞ്ഞു. ജ്യോതിയെയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന സൂചനകൾ. അതേസമയം ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഹരിയാന പൊലീസീനു പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ജ്യോതിയെ വരും ദിവസങ്ങളിൽ കേന്ദ്ര അന്വേഷണം ഏജൻസികൾ ചോദ്യം ചെയ്തേക്കും.

























