തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ തൂ*ങ്ങിമരിച്ചു. എരൂർ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകൻ കരുണിനെ (16) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂ*ങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേർന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടിൽനിന്നും മാറിയാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തോളമായി വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രകാശൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

























