കണ്ണൂർ: ആദ്യം പുറത്തറിഞ്ഞത് വൻമോഷണം, മണിക്കൂറുകൾക്കുള്ളിൽ മരുമകളുടെ കൊലപാതകവും. കഴിഞ്ഞദിവസം മുതൽ നടുക്കത്തിലാണ് ഇരിക്കൂറിലെ കല്യാട്ട് ഗ്രാമം. കല്യാട്ട് സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിൽ നടന്ന മോഷണമാണ് നാട്ടുകാരെ ആദ്യം ഞെട്ടിച്ചത്. പട്ടാപ്പകൽ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നെന്നവിവരം ഏവരെയും അമ്പരപ്പിച്ചു. പിന്നാലെ മോഷണംനടന്ന വീട്ടിലെ മരുമകളായ ഹുൻസൂർ സ്വദേശിനി ദർശിത കർണാടകയിൽ കൊല്ലപ്പെട്ടെന്നവിവരവും പുറത്തറിഞ്ഞതോടെ നാട് നടുങ്ങി. കല്യാട്ട് സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിൽ വെള്ളിയാഴ്ച പട്ടാപ്പകലാണ് മോഷണം നടന്നത്. സുമതയുടെ മകൻ സുഭാഷിന്റെ ഭാര്യയാണ് കർണാടക സ്വദേശിനിയായ ദർശിത. സുഭാഷ് വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സുമതയും മറ്റൊരു മകൻ സൂരജും ചെങ്കൽപ്പണയിൽ ജോലിക്കായി പോയി. ഇതിനുപിന്നാലെ വീട്ടിലുണ്ടായിരുന്ന ദർശിത കുഞ്ഞുമായി ഹുൻസൂരിലെ സ്വന്തംവീട്ടിലേക്കും പോയി. തുടർന്ന് വൈകീട്ട് നാലരയോടെ സുമത വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നവിവരമറിയുന്നത്. 30 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയുമാണ് വീട്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നത്.

ഇതിനുപിന്നാലെയാണ് കർണാടകയിലെ ലോഡ്ജ് മുറിയിൽ ദർശിതയെ കൊലപ്പെട്ടനിലയിൽ കണ്ടെത്തിയെന്നവിവരം പോലീസിന് ലഭിച്ചത്. ഇരിക്കൂർ കല്യാട്ട് മോഷണം നടന്ന വീട്ടിൽനിന്ന് കാണാതായ മരുമകൾ കൊല്ലപ്പെട്ട സംഭവത്തിൽ ആൺസുഹൃത്ത് കർണാടക പോലീസിന്റെ കസ്റ്റഡിയിലാണ്. കർണാടക ഹുൻസൂർ സ്വദേശിനിയായ ദർശിത(22)യുടെ കൊലപാതകത്തിലാണ് ആൺസുഹൃത്തായ കർണാടക സ്വദേശി സിദ്ധരാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൈസൂരുവിന് സമീപം സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയിലാണ് ദർശിതയെ കഴിഞ്ഞദിവസം കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.


വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് ഇത് പൊട്ടിച്ചാണ് ആൺസുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. മുഖമാകെ വികൃതമായനിലയിലാണ് ദർശിതയുടെ മൃതദേഹം ലോഡ്ജ്മുറിയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺസുഹൃത്തിന് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും കർണാടക പോലീസ് അന്വേഷിച്ചുവരികയാണ്.























