കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ ഡോക്ടർമാരുടെ സംഘം തിരയിൽപ്പെട്ടു; രണ്ടുപേർ മരിച്ചു

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവിൽ നിന്നുള്ള ഡോക്ടർമാരാണെന്നാണ് വിവരം.

രാവിലെ എട്ടംഗസംഘം കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേർ തിരയിൽപ്പെട്ടത്. രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. കാണാതായ ഒരാൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കർണാടക സ്വദേശികൾ കടലിലിറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.