കാസർഗോഡ്: പൈവളിഗെയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെയും 42കാരന്റെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഡി.എൻ.എ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും. മകൾക്ക് എന്താണ് സംഭവിച്ചെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിനെ സഹായിക്കാനെന്ന പേരിൽ പ്രദീപ് വരാറുണ്ടെന്നും, രണ്ട് വർഷം മുമ്പ് പ്രദീപിനെതിരെ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നുവെന്നും അമ്മ പറഞ്ഞു.

പരിയാരം ഗവ മെഡിക്കൽ കോളജിലാണ് പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടക്കുക. മൃതദേഹങ്ങളുടെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്‌മോർട്ടത്തിലൂടെ കണ്ടെത്താനാകും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ഇരുവരുടേയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറി. സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവനൊടുക്കിയതിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


ഫെബ്രുവരി 12ന് പുലർച്ചെയാണ് പെൺകുട്ടിയെ കാണാതായത്. അയൽവാസിയായ 42 കാരൻ പ്രദീപിനെയും അന്നുതന്നെ കാണാതാകുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിച്ചത് വീടിന് ഒരു കിലോ മീറ്റർ പരിധിയിലാണ്. ഡ്രോൺ, ഡോഗ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് പൊലീസ് പല ഘട്ടങ്ങളിലായി തിരച്ചിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. കാണാതായി 26 ദിവസത്തിന് ശേഷമാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.























