വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നതിന്റെ കാരണം ദിലീപ് അല്ലെന്ന് നടി കാവ്യാ മാധവൻ. കുടുംബജീവിതം പൂർണമായും അനുഭവിച്ചറിയുക എന്ന തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നിലെന്ന് കാവ്യ തുറന്നുപറഞ്ഞു. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം. ‘‘ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാൻ പറ്റിയില്ല.

അദ്ദേഹത്തിനു അപ്രതീക്ഷിതമായി പെട്ടെന്ന് യുകെയിൽ പോകേണ്ടി വന്നു. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാൻ ഒരു ബ്രേക്ക് എടുത്തത്. എല്ലാവർക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കൽ കൂടി ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിക്കുന്നു.’’–കാവ്യാ മാധവന്റെ വാക്കുകൾ.


വിവാഹശേഷം ദിലീപ്, കാവ്യയെ അഭിനയിക്കാൻ വിടുന്നില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന കമന്റുകൾക്ക് മറുപടിയായാണ് കാവ്യ ഇത്രയും കാലത്തെ മൗനം ഭേദിച്ചത്. കാവ്യ മാധവന്റെ ഫാൻസ് പേജുകളിലും ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാവ്യ മാധവനും ദിലീപും തമ്മിലുള്ള വിവാഹം നടന്നത് 2016 നവംബർ 25-നാണ്. വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യാ മാധവൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ ആണ്. 2016-ലാണ് ഈ സിനിമ റിലീസ് ചെയ്തത്. വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിന്നു.























