ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ കെസി ഇല്ല

ന്യൂഡൽഹി: നിന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിലേക്കെത്തുന്ന ചാർട്ടേഡ് വിമാനത്തിൽ കെ സി വേണുഗോപാലില്ല. കെ സി വേണുഗോപാൽ ഇതേ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വന്നേക്കുമെന്നായിരുന്നു മുമ്പ് പുറത്തുവന്ന വാർത്തകൾ. വൈകീട്ട് നാല് മണിക്കാണ് നേതാക്കൾ തിരുവനന്തപുരത്തെത്തുക. വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ കുടുംബ സമേതം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകീട്ട് നേതാക്കൾ എത്തിയതിന് ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക എന്നാണ് വിവരം.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, ഹൈക്കമാൻഡ് നിരീക്ഷകരായിരുന്ന മുകുൾ വാസ്‌നിക്, അജയ് മാക്കൻ, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദുസ്മൻ എന്നിവരാണ് ചാർട്ടേഡ് വിമാനത്തിലുണ്ടാകുക. തിരുവനന്തപുരത്ത് ചാർട്ടേഡ് വിമാനം ലാൻഡ് ചെയ്യാനുള്ള അനുമതി സിവിൽ ഏവിയേഷൻ അധികൃതരോട് കോൺഗ്രസ് തേടിയിട്ടുണ്ട്. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നടക്കുക. ഇതിന് ശേഷം മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. നേതാക്കൾ വന്നതിന് ശേഷമാകും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി ഗവർണറെ കാണാനെത്തുന്നത്. ഇതുനമുമ്പുള്ള അവസാനഘട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

മുൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സസ്‌പെൻസ് തുടരുകയാണ്. ഇതിനിടെ കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ എന്തിനാകും രാഹുൽ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.